
കണ്ണൂരിലെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന എ.കെ. രൈരു ഗോപാൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം കാലം രോഗികളിൽ നിന്ന് വെറും രണ്ട് രൂപ മാത്രം ഫീസ് ഈടാക്കി സേവനം അനുഷ്ഠിച്ചതിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. അദ്ദേഹത്തിന്റെ സംസ്കാരം പയ്യാമ്പലത്ത് നടക്കും.
നിർധനരായ രോഗികളുടെ വലിയ ആശ്രയമായിരുന്നു കണ്ണൂർ താണയിലെ ഡോ. രൈരു ഗോപാലിന്റെ ക്ലിനിക്ക്. പാവപ്പെട്ട രോഗികൾക്ക് പരിശോധനയും മരുന്നും അദ്ദേഹം സൗജന്യമായി നൽകുമായിരുന്നു.
ഡോക്ടറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് ഈടാക്കിയാണ് അദ്ദേഹം പരിശോധന നടത്തിയിരുന്നതെന്നും പാവപ്പെട്ട രോഗികൾക്ക് അദ്ദേഹത്തിന്റെ സേവനം വലിയ ആശ്വാസമായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പരേതനായ ഡോ. എ.ജി. നമ്പ്യാരും പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. പി.ഒ. ശകുന്തളയാണ് ഭാര്യ. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ.