
മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ പുതിയ ഫീച്ചർ വരുന്നു. ഇതനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്സ്ആപ്പ് ഡിസ്പ്ലേ ചിത്രമായി (ഡിപി) സജ്ജീകരിക്കാൻ സാധിക്കും. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്, വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്?
നിലവിൽ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ചിത്രങ്ങൾ വാട്സ്ആപ്പിൽ ഡിപി ആക്കണമെങ്കിൽ, അത് ഡൗൺലോഡ് ചെയ്ത ശേഷം ഗാലറിയിൽ നിന്ന് അപ്ലോഡ് ചെയ്യണമായിരുന്നു. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. പ്രൊഫൈൽ ചിത്രം മാറ്റുന്നതിനുള്ള ഓപ്ഷനിൽ ഗാലറി, ക്യാമറ, അവതാർ എന്നിവയ്ക്കൊപ്പം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ ഓപ്ഷനുകളും ദൃശ്യമാകും.
ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് മെറ്റാ അക്കൗണ്ട്സ് സെൻ്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ മെറ്റാ പ്ലാറ്റ്ഫോമുകളെ ഒരൊറ്റ കുടക്കീഴിലാക്കി നിയന്ത്രിക്കാനുള്ള സംവിധാനമാണിത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട്, ഈ ഫീച്ചർ ഓപ്ഷണലായിരിക്കും. അതായത്, താല്പര്യമുള്ളവർക്ക് മാത്രം ഇത് ആക്ടിവേറ്റ് ചെയ്താൽ മതി.
മെറ്റയുടെ പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള സംയോജനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. ഇൻസ്റ്റഗ്രാം സ്റ്റോറികൾ വാട്സ്ആപ്പിൽ പങ്കുവെക്കാനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാണ്.