
പരിസ്ഥിതി സൗഹൃദപരമായ പുതിയ പദ്ധതിയുമായി കേരള സർക്കാർ. ഉപയോഗിച്ച മദ്യക്കുപ്പികൾ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ 20 രൂപ തിരികെ ലഭിക്കുന്ന പദ്ധതി ജനുവരി മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. തമിഴ്നാട് മാതൃകയിലുള്ള ഈ റീസൈക്കിൾ പദ്ധതി എക്സൈസ് മന്ത്രി എം.ബി രാജേഷാണ് പ്രഖ്യാപിച്ചത്.
പദ്ധതിയനുസരിച്ച്, മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കും. ഉപയോഗശേഷം പ്ലാസ്റ്റിക് കുപ്പികൾ തിരികെ അതേ ഔട്ട്ലെറ്റിൽ നൽകുമ്പോൾ ഈ തുക തിരികെ ലഭിക്കും. പ്രീമിയം വിഭാഗത്തിലുള്ള (800 രൂപയ്ക്ക് മുകളിൽ) മദ്യങ്ങൾ ഗ്ലാസ് കുപ്പികളിലേക്ക് മാറ്റുമെന്നും പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വർഷംതോറും 70 കോടിയോളം മദ്യക്കുപ്പികളാണ് ബെവ്കോ വിറ്റഴിക്കുന്നത്.
ഇതോടൊപ്പം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ സൂപ്പർ പ്രീമിയം കൗണ്ടർ വീതം ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ഈ കൗണ്ടറുകളിൽ ലഭ്യമാവുക. മദ്യത്തിന്റെ ഓൺലൈൻ ഡെലിവറി പരിഗണനയിലുണ്ടെന്നും എന്നാൽ കേരളം നിലവിൽ അതിന് പാകമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.