
ആൻഡേഴ്സൻ-ടെണ്ടുൽക്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്ന് ഓവലിൽ ഇറങ്ങുന്നു. പരമ്പരയിൽ മുന്നിട്ടുനിൽക്കുന്ന ഇംഗ്ലണ്ടിന് കിരീടം ഉറപ്പിക്കാൻ ഈ മത്സരത്തിൽ ഒരു സമനില മാത്രം മതി. എന്നാൽ, പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് വിജയം നിർണായകമാണ്.
തോൽവിയിലേക്ക് നീങ്ങുകയായിരുന്ന കഴിഞ്ഞ മത്സരം സമനിലയിൽ അവസാനിപ്പിച്ചതിന്റെ പോരാട്ടവീര്യം ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. അതേസമയം, മുൻ മത്സരങ്ങളിൽ മികച്ച മുൻതൂക്കം നേടിയ ശേഷം മത്സരം കൈവിടുന്ന പ്രവണത ഇന്ത്യക്ക് തിരിച്ചടിയാണ്.
നായകൻ ബെൻ സ്റ്റോക്സ്, പേസർ ജോഫ്ര ആർച്ചർ എന്നിവർ പരിക്കുമൂലം കളിക്കാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. സ്റ്റോക്സിന് പകരം ഓലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുക. ഇന്ത്യൻ നിരയിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറൽ ടീമിലെത്തും. നിർണായക മത്സരത്തിൽ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പേസർമാരായ ആകാശ് ദീപും അർഷ്ദീപ് സിങ്ങും ഫിറ്റ്നസ് വീണ്ടെടുത്തതും ഓവലിലെ സാഹചര്യങ്ങൾ പരിഗണിച്ച് കുൽദീപ് യാദവിനെ കളിപ്പിക്കാൻ സാധ്യതയുള്ളതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.