
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 2025 ഏപ്രിൽ 22 നും ജൂൺ 17 നും ഇടയിൽ ഒരു ഫോൺ സംഭാഷണവും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയെ അറിയിച്ചു. ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
“ഓപ്പറേഷൻ സിന്ദൂർ” സംബന്ധിച്ച ലോക്സഭാ ചർച്ചയ്ക്കിടെയായിരുന്നു എസ്. ജയശങ്കറിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ വ്യാപാരത്തെ താൻ ഒരു ഉപാധിയായി ഉപയോഗിച്ചുവെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കയുമായുള്ള ചർച്ചകളിൽ ഒരു ഘട്ടത്തിലും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കടന്നുവന്നിട്ടില്ലെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം അറിയിക്കാൻ ട്രംപ് പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. പിന്നീട് ജൂൺ 17 ന് കാനഡയിൽ വെച്ച് കാണാൻ സാധിക്കാത്തതിനെക്കുറിച്ച് വിശദീകരിക്കാനായി ട്രംപ് മോദിയെ വിളിച്ചിരുന്നു. ഈ രണ്ട് ദിവസങ്ങൾക്കിടയിൽ ഒരു ഫോൺ സംഭാഷണവും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് യു.എസ്. മധ്യസ്ഥത വഹിച്ചു എന്ന ട്രംപിന്റെ അവകാശവാദങ്ങൾ ഇന്ത്യ തുടക്കം മുതൽ തന്നെ നിഷേധിച്ചിരുന്നു. ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഡി.ജി.എം.ഒ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) തലത്തിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നും, അല്ലാതെ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മെയ് 10 ന് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നിരവധി രാജ്യങ്ങൾ ഇന്ത്യയെ ബന്ധപ്പെട്ടെങ്കിലും, ഡി.ജി.എം.ഒ. ചാനൽ വഴി മാത്രം ആവശ്യം വന്നാൽ മതിയെന്ന് ഇന്ത്യ നിലപാടെടുത്തെന്നും എസ്. ജയശങ്കർ സഭയിൽ പറഞ്ഞു.