
ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് ഇനി നാട്ടിലെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ട. സൈനികരുടെ കുടുംബങ്ങൾക്ക് നിയമപരമായ സഹായം മുൻകൈയെടുത്ത് നൽകുന്ന ‘നാൽസ വീർ പരിവാർ സഹായത യോജന 2025’ എന്ന ചരിത്രപരമായ പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. “അതിർത്തിയിൽ നിങ്ങൾ രാജ്യത്തെ സേവിക്കൂ, നാട്ടിൽ നിങ്ങളുടെ കുടുംബത്തെ ഞങ്ങൾ പരിപാലിക്കാം” എന്നതാണ് പദ്ധതിയുടെ പ്രധാന സന്ദേശം.
വിദൂര സ്ഥലങ്ങളിലും കഠിനമായ സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന സൈനികർക്ക് നാട്ടിലെ വസ്തു തർക്കങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ കേസുകളിൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യം ഈ പദ്ധതിയിലൂടെ പരിഹരിക്കപ്പെടും. നാൽസയുടെ (NALSA) നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള കോടതികളിൽ ഈ കേസുകൾക്ക് കൃത്യമായ നിയമ പ്രാതിനിധ്യം ഉറപ്പാക്കും.
ശ്രീനഗറിൽ നടന്ന ചടങ്ങിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) എക്സിക്യൂട്ടീവ് ചെയർമാനും നിയുക്ത ചീഫ് ജസ്റ്റിസുമായ സൂര്യകാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർ നൽകിയ സംഭാവനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. സൈനികർക്ക് പുറമെ, അതിർത്തിരക്ഷാസേന (BSF), സി.ആർ.പി.എഫ് (CRPF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.