
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ഘട്ട് റോഡിൽ ബൈക്ക് യാത്രികന് നേരെ പുലിയുടെ ആക്രമണം. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ പാഞ്ഞടുത്ത പുലി വാഹനത്തിന് മുകളിലേക്ക് ചാടുകയായിരുന്നു. എന്നാൽ തലനാരിഴക്ക് യുവാവ് രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തിരുമലയിലേക്കുള്ള ആലിപിരി-തിരുമല ഘട്ട് റോഡിൽ വെച്ചാണ് സംഭവം നടന്നത്. ബൈക്കിൽ വരികയായിരുന്ന യാത്രികന്റെ നേർക്ക് റോഡരികിൽ നിന്ന് പുലി ചാടിവീഴുകയായിരുന്നു. പുലി ബൈക്കിൽ തട്ടിയെങ്കിലും യാത്രികന് പരിക്കേൽക്കാതെ മുന്നോട്ട് പോകാൻ സാധിച്ചു. ഈ അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് വലിയ ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മേഖലയിൽ പുലിയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനംവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി കൂടുകൾ സ്ഥാപിക്കുകയും വനമേഖലയിൽ നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭക്തർക്ക് സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി തിരുമലയിൽ പുലിയുടെ ശല്യം രൂക്ഷമാണ്. നേരത്തെയും ഭക്തർക്ക് നേരെ പുലി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് കുട്ടികളെ ആക്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഭക്തരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.