മിഥുന്റെ മരണം: കടുത്ത നടപടി, സ്കൂൾ മാനേജ്മെൻ്റ് പിരിച്ചുവിട്ട് സർക്കാർ ഭരണം ഏറ്റെടുത്തു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ അസാധാരണ നടപടി സ്വീകരിച്ചു. സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാനേജ്മെൻ്റ് പിരിച്ചുവിടുകയും സ്കൂളിൻ്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു.

വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം സ്കൂൾ മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിൻ്റെ താൽക്കാലിക ഭരണച്ചുമതല കൈമാറിയിട്ടുണ്ട്. അപകടകരമായ രീതിയിൽ സ്കൂൾ വളപ്പിലൂടെ കടന്നുപോയിരുന്ന വൈദ്യുതി ലൈൻ മാറ്റുന്നതിൽ മാനേജ്മെൻ്റ് അലംഭാവം കാണിച്ചുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി. സംഭവത്തിൽ മാനേജർ നൽകിയ വിശദീകരണം സർക്കാർ തള്ളി.

സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റിനെതിരെയാണ് നടപടി. മുൻപ് പ്രധാനാധ്യാപികയെ മാത്രം സസ്പെൻഡ് ചെയ്തപ്പോൾ, പാർട്ടി നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ശക്തമായ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഖം നോക്കാതെയുള്ള നടപടിയിലേക്ക് സർക്കാർ കടന്നത്.

നാടിനെ നടുക്കിയ അപകടം

കഴിഞ്ഞ ജൂലൈ 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡ്ഡിന് മുകളിലേക്ക് വീണ ചെരിപ്പ് എടുക്കാൻ ശ്രമിച്ച മിഥുൻ, താഴ്ന്നു കിടന്നിരുന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണ് മിഥുൻ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയെ നേരത്തെ സസ്പെൻഡ് ചെയ്യുകയും മാനേജ്മെൻ്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading