
കൊച്ചി: യുവതാരം അർജുൻ അശോകനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ‘തലവര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ അനിൽകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായിക. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രം ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ തീയേറ്ററുകളിലെത്തും.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മഹേഷ് നാരായണന്റെ മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഇലക്ട്രോണിക് കിളിയാണ്. ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ‘തലവര’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന.