
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഓഗസ്റ്റ് മാസത്തെ ശമ്പള, പെൻഷൻ വിതരണത്തിനായി സർക്കാർ വീണ്ടും കടമെടുക്കുന്നു. 2000 കോടി രൂപയുടെ കടപ്പത്രങ്ങളുടെ ലേലം ഈ മാസം 29-ന് നടക്കും. ഓഗസ്റ്റ് ഒന്നിന് മുൻപായി പണം സർക്കാർ ഖജനാവിൽ ലഭ്യമാകും.
ഈ മാസം ഇത് മൂന്നാം തവണയാണ് സർക്കാർ കടമെടുക്കുന്നത്. ജൂലൈ ഒന്നിന് 2000 കോടിയും 22-ന് 1000 കോടിയും വായ്പയെടുത്തിരുന്നു. പുതിയ വായ്പയോടു കൂടി ഈ മാസം മാത്രം സംസ്ഥാനം കടമെടുത്തത് 5000 കോടി രൂപയാകും. കഴിഞ്ഞ ജൂൺ മാസത്തിലും സർക്കാർ 5000 കോടി രൂപ കടമെടുത്തിരുന്നു.
നടപ്പ് സാമ്പത്തിക വർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 16,000 കോടി രൂപയാണ് സംസ്ഥാനം വിപണിയിൽ നിന്ന് വായ്പയെടുത്തത്. തുടർച്ചയായ കടമെടുക്കൽ സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദൈനംദിന ചെലവുകൾക്കും പ്രധാനപ്പെട്ട വിതരണങ്ങൾക്കും സർക്കാർ പൂർണ്ണമായും വായ്പയെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.