
ന്യൂഡൽഹി: അശ്ലീലവും അനുചിതവുമായ ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 25 ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകൾക്കും അവയുടെ വെബ്സൈറ്റുകൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. ഉള്ളു (ULLU), ആൾട്ട് (ALTT – മുൻപ് ആൾട്ട് ബാലാജി), ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളോട് (ISPs) ഈ ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും രാജ്യത്തുടനീളം പ്രവേശനം തടയാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം (MIB) നിർദ്ദേശം നൽകി.
ഓൺലൈനിൽ അശ്ലീലവും ലൈംഗിക ദൃശ്യങ്ങളുള്ളതുമായ ഉള്ളടക്കം പ്രചരിക്കുന്നത് തടയുന്നതിനുള്ള ഗവൺമെൻ്റിൻ്റെ പ്രധാന നീക്കമാണിത്. വിവരസാങ്കേതിക നിയമം 2000-ലെ 67, 67എ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിത 2023-ലെ 294-ാം വകുപ്പ്, സ്ത്രീകളുടെ അശ്ലീല പ്രദർശനം (നിരോധനം) നിയമം 1986-ലെ 4-ാം വകുപ്പ് എന്നിവ പ്രകാരമാണ് ഈ നിരോധനം നടപ്പിലാക്കിയത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങളും സ്ത്രീകളുടെ അനുചിതമായ ചിത്രീകരണങ്ങളും ഈ നിയമങ്ങൾ നിരോധിക്കുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും, പ്രായപൂർത്തിയാകാത്തവരെയും ദുർബലരായ പ്രേക്ഷകരെയും ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. നിരോധിച്ച ആപ്പുകളിൽ ചിലതിന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നുവെന്നും മറ്റ് രണ്ടെണ്ണത്തിന് 50 ലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഇടനിലക്കാർക്ക് നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.