
കൗമാരക്കാരെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. ജീവിതശൈലിയിലെ ചില മാറ്റങ്ങളും കൃത്യമായ ചർമ്മസംരക്ഷണവും വഴി ഈ പ്രശ്നം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഭക്ഷണത്തിൽ എണ്ണയും മധുരവും സംസ്കരിച്ച വിഭവങ്ങളും കുറയ്ക്കുന്നത് മുഖക്കുരു തടയാൻ സഹായിക്കും. അതോടൊപ്പം, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളും പരീക്ഷിക്കാം.
- കറ്റാർവാഴ ജെൽ
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ചർമ്മത്തിലെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം: ദിവസവും ശുദ്ധമായ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
- മഞ്ഞൾ ഫേസ് പാക്ക്
ആന്റി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ മുഖക്കുരുവിനെ പ്രതിരോധിക്കാൻ മികച്ചതാണ്.
ഉപയോഗിക്കേണ്ട വിധം: അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലുമായി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകാം.
- ഗ്രീൻ ടീ മിസ്റ്റ്
ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ ഇ-യും ധാരാളമായി അടങ്ങിയ ഗ്രീൻ ടീ, ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും മുഖക്കുരുവിനെ തടയാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം: ഒരു ഗ്രീൻ ടീ ബാഗ് ഉപയോഗിച്ച് ചായ തയ്യാറാക്കി തണുക്കാൻ വെക്കുക. തണുത്ത ശേഷം ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി മുഖത്ത്, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തളിക്കാം. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം മുഖം കഴുകിയാൽ മതി.