സാക്ഷിമൊഴിക്ക് വേണ്ടി പ്രസവാവധി വേണ്ടെന്നുവെച്ചു; കോടതിയിൽ നിന്ന് ലേബർ റൂമിലേക്ക്, വനിതാ പോലീസുകാരിക്ക് അഭിനന്ദനം

തൃശ്ശൂർ: ഒരു സുപ്രധാന കേസിൽ തന്റെ സാക്ഷിമൊഴിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, പ്രസവാവധി പോലും മാറ്റിവെച്ച് കോടതിയിലെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം. തൃശ്ശൂർ ഒല്ലൂർ സ്റ്റേഷനിലെ വനിതാ പോലീസുദ്യോഗസ്ഥയായ ശ്രീലക്ഷ്മിയാണ് തന്റെ കൃത്യനിർവഹണത്തോടുള്ള ആത്മാർത്ഥത കൊണ്ട് നാടിന്റെ ആദരം നേടുന്നത്.

ഒൻപത് മാസം ഗർഭിണിയായിരുന്നിട്ടും, കേസിലെ നിർണായക സാക്ഷിയായതിനാൽ മൊഴി നൽകിയ ശേഷം മാത്രം അവധിയിൽ പ്രവേശിച്ചാൽ മതിയെന്ന് ശ്രീലക്ഷ്മി തീരുമാനിക്കുകയായിരുന്നു. ഭർത്താവും വീട്ടുകാരും ഡോക്ടറും എതിർത്തെങ്കിലും, കേസിലെ തന്റെ മൊഴിയുടെ പ്രാധാന്യം അവരെ പറഞ്ഞ് മനസ്സിലാക്കി. പൂർണ്ണ ഗർഭിണിയായിരിക്കെ ദിവസവും ഓട്ടോറിക്ഷയിലായിരുന്നു ശ്രീലക്ഷ്മി ഡ്യൂട്ടിക്കായി സ്റ്റേഷനിലെത്തിയിരുന്നത്.

മൊഴി നൽകേണ്ട ദിവസം സഹപ്രവർത്തകർക്കൊപ്പം കോടതിയിലെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടെന്ന് രക്തസ്രാവമുണ്ടാകുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ശ്രീലക്ഷ്മി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശാരീരികമായ അവശതകൾക്കിടയിലും ജോലിക്ക് പ്രഥമ പരിഗണന നൽകിയ ശ്രീലക്ഷ്മിയുടെ പ്രവൃത്തിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading