ഒരു കട്ടനടിച്ചാലോ? കട്ടൻ ചായ പ്രിയർ ഇതറിഞ്ഞിരിക്കണം

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളിൽ ഇത് ഗണ്യമായ ഗുണങ്ങൾ നൽകുമെന്നാണ് ഓസ്ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ.

ബ്ലാക്ക് ടീയിലെ ഫ്ലേവനോയിഡുകൾ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ബ്ലാക്ക് ടീ പോലുള്ള പല സാധാരണ ഭക്ഷണങ്ങളിലും പാനീയങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന പദാർത്ഥങ്ങളാണ് ഫ്ലേവനോയിഡുകൾ. കട്ടൻ ചായ പതിവായി കുടിച്ചിരുന്ന 881 സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. തേയിലയിൽ ഉയർന്ന അളവിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ, വയറിലെ അയോർട്ടിക് കാൽസിഫിക്കേഷൻ (AAC) വ്യാപകമാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, ഉണക്കമുന്തിരി, ഡാർക്ക് ചോക്ലേറ്റ് എന്നിവയിലും ഫ്ലേവനോയിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയും ഹൃദയാരോഗ്യത്തിന് സഹായകമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇസിയു ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഇന്നൊവേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ ബെൻ പാർമെന്റർ പറഞ്ഞു.

ദിവസവും കുടിക്കുന്ന ഓരോ കപ്പ് കട്ടൻ ചായയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ചായ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ദിവസവും കുറഞ്ഞത് രണ്ട് കപ്പ് ചായ കുടിക്കുന്നത് പക്ഷാഘാത സാധ്യത 16 ശതമാനം കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

മധുരം ചേർക്കാതെ കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കുകയും പഞ്ചസാര നിയന്ത്രണത്തിനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ചായയിലെ പോളിഫെനോളുകൾ ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ബ്ലാക്ക് ടീ സ്ക്വാമസ് സെൽ കാർസിനോമ പോലുള്ള ചർമ്മ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading