
കിയ ഇന്ത്യ കാരൻസ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകൾ ആരംഭിച്ചു. 17.99 ലക്ഷം രൂപ മുതൽ വിലയുള്ള ഈ ഇലക്ട്രിക് എംപിവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.
കിയ ഇന്ത്യ ചൊവ്വാഴ്ച കാരൻസ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകൾ സ്വീകരിക്കാൻ തുടങ്ങി. കാരൻസ് ക്ലാവിസ് എംപിവിയുടെ പൂർണ്ണ ഇലക്ട്രിക് പതിപ്പാണ് ഈ മോഡൽ. 17.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കിയ ഈ വാഹനം ബ്രാൻഡിന്റെ ആദ്യത്തെ ഇന്ത്യൻ നിർമിത ഇലക്ട്രിക് കാറാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയ്ക്ക് കാർ ബുക്ക് ചെയ്യാം. ബുക്കിംഗുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലർഷിപ്പുകളിലൂടെയോ നടത്താം.
കാരൻസ് ക്ലാവിസ് ഇവിയുടെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്: 42kWh യും 51.4kWh യും. 42kWh ബാറ്ററി പാക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 404 കിലോമീറ്റർ സഞ്ചരിക്കാം. 51.4kWh ബാറ്ററി പാക്ക് ഉപയോഗിച്ച് 490 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഇലക്ട്രിക് കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 8.4 സെക്കൻഡ് മതി.
സുരക്ഷയ്ക്കായി, 6 എയർബാഗുകൾ, എഡിഎഎസ് ലെവൽ-2, ഇഎസ്സി, ടിപിഎംഎസ്, 360 ഡിഗ്രി ക്യാമറ, i-പെഡൽ സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, V2L (വെഹിക്കിൾ ടു ലോഡ്), V2V (വെഹിക്കിൾ ടു വെഹിക്കിൾ) ചാർജിംഗ് സൗകര്യങ്ങളും ഈ ഇവി പിന്തുണയ്ക്കുന്നു. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി തുടങ്ങിയ മോഡലുകളുമായി ഇത് നേരിട്ട് മത്സരിക്കും. ഐവറി സിൽവർ മാറ്റ്, ഗ്ലേസിയർ വൈറ്റ് പേൾ, പെർട്ടർ ഒലിവ്, ഓറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് പുതിയ കിയ കാരൻസ് ക്ലാവിസ് ഇവി ലഭ്യമാകുന്നത്.
ക്ലാവിസ് ഇവിയുടെ മൊത്തത്തിലുള്ള രൂപവും അളവുകളും നിലവിലെ ഐസിഇ (ഇന്റേണൽ കംബസ്റ്റൺ എൻജിൻ) പതിപ്പായ കാരൻസ് ക്ലാവിസിനോട് സമാനമാണ്. എന്നിരുന്നാലും, ഇലക്ട്രിക് വാഹനത്തിന്റെ പ്രത്യേക ഘടകങ്ങൾ ഇതിനെ വ്യത്യസ്തമാക്കുന്നു. ഫ്രണ്ട് ഗ്രിൽ, എയറോഡൈനാമിക് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ തുടങ്ങിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് സ്ക്രീനുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ലഭിക്കും.