
വി.എസ്. അച്യുതാനന്ദന് ഡൽഹിയിലെ കേരള ഹൗസിലെ 204-ാം നമ്പർ മുറി എന്നും ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ഡൽഹിയിലെത്തുമ്പോൾ ഈ മുറിയിൽ മാത്രമേ അദ്ദേഹം താമസിച്ചിരുന്നുള്ളൂ. ഒരു തവണ ഈ മുറി ലഭിക്കാതെ വന്നപ്പോൾ അധികൃതരുമായി കലഹിച്ച ചരിത്രവും വി.എസിനുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്നപ്പോൾ വി.എസ്. ഡൽഹിയിലെത്തുമ്പോൾ കേരളഹൗസ് വാർത്താ കേന്ദ്രമാകാറുണ്ടായിരുന്നു.
സി.പി.എം. കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളിൽ പങ്കെടുക്കാനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ ഔദ്യോഗിക ആവശ്യങ്ങൾക്കുമൊക്കെ വി.എസ്. ഡൽഹിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ വിലാസം റൂം നമ്പർ 204, കേരള ഹൗസ് എന്നായിരുന്നു. ഈ മുറിയോട് എന്നും ഒരു പ്രത്യേക ഇഷ്ടം വി.എസ്. സൂക്ഷിച്ചിരുന്നു. ഡൽഹിയിൽ വരുമ്പോൾ ഇവിടെയല്ലാതെ മറ്റൊരിടത്തും അദ്ദേഹം താമസിച്ചിരുന്നില്ല. നാട്ടിലെ പ്രഭാതനടത്തം ഡൽഹിയിലെത്തുമ്പോൾ കേരള ഹൗസിലെ വരാന്തയിലൂടെയാകും. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിലൂടെ ചെറുപുഞ്ചിരിയുമായി വി.എസ്. നടന്നുനീങ്ങുന്നത് പതിവായിരുന്നു.
204-ാം നമ്പർ മുറിയോടുള്ള വി.എസിന്റെ ഇഷ്ടം വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവായ വി.എസും ഡൽഹിയിലെത്തി. ആദ്യം ഡൽഹിയിലെത്തിയ വി.എസ്. പതിവുപോലെ ഇഷ്ടമുറിയായ 204-ൽ താമസമാക്കി. എന്നാൽ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിക്ക് വി.ഐ.പി. മുറിയായ 204 എങ്ങനെ നൽകണമെന്ന ധർമ്മസങ്കടത്തിലായി കേരള ഹൗസ് അധികൃതർ. എന്നാൽ വി.എസിന്റെ ഇഷ്ടമറിയാവുന്ന ഉമ്മൻചാണ്ടി, 104-ാം നമ്പർ മുറിയിൽ താമസിക്കാമെന്ന് സമ്മതിച്ചതോടെയാണ് അധികൃതർക്ക് ആശ്വാസമായത്.
മറ്റൊരു സംഭവം ഈ മുറിയെച്ചൊല്ലി വി.എസിന് കലഹിക്കേണ്ടി വന്നതാണ്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായ കാലത്ത് ഡൽഹിയിലെത്തിയ വി.എസിന് ഒരു തവണ 204-ാം നമ്പർ മുറി അനുവദിക്കപ്പെട്ടില്ല. പത്ത് ദിവസം മുമ്പ് അറിയിച്ചിട്ടും മന്ത്രി സി. രവീന്ദ്രനാഥിനാണ് കേരള ഹൗസ് അധികൃതർ മുറി നൽകിയത്. അതൃപ്തനായ വി.എസ്. കടുപ്പിച്ചു. ഒതുക്കപ്പെടുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്ന ആ സമയത്ത് മുറി അനുവദിക്കാത്തതും ചർച്ചയായി. രവീന്ദ്രനാഥ് മുറിയൊഴിഞ്ഞ ശേഷം 204 തന്നെ വി.എസിന് നൽകിയ അധികൃതർ ഒടുവിൽ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
വി.എസിനോടുള്ള ഇഷ്ടം മുദ്രാവാക്യങ്ങളായി പലപ്പോഴും കേരള ഹൗസിന്റെ ചുമരുകളിൽ തെളിഞ്ഞു. ഡൽഹിയിലെ സന്ദർശനം പൂർത്തിയാക്കി കേരള ഹൗസ് വിടുമ്പോൾ പലരും നൽകിയ ആവശ്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ വി.എസിനൊപ്പമുണ്ടാകും. ഈ ആവശ്യങ്ങളെല്ലാം കടലാസ്സിൽ കുറിപ്പായി തെറുത്ത്, ജുബ്ബയുടെ മടക്കിൽ വെച്ച ശേഷമേ അദ്ദേഹം 204-ാം മുറി വിട്ടുപോയിരുന്നുള്ളൂ.