
2027 ഓഗസ്റ്റ് 2 ന് ഉച്ചയ്ക്ക് ശേഷം യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിൽ അപൂർവവും മനോഹരവുമായ ഒരു പ്രതിഭാസം ദൃശ്യമാകും. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആകാശ കാഴ്ചകളിൽ ഒന്നായിരിക്കും ഈ പൂർണ്ണ സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യന് മുന്നിലൂടെ നേരിട്ട് നീങ്ങുമ്പോൾ, പകൽ കുറച്ചു സമയത്തേക്ക് രാത്രിയായി മാറും. ഇത് ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെയും ആകാശ നിരീക്ഷകരുടെയും ശ്രദ്ധ ഇതിനകം തന്നെ പിടിച്ചുപറ്റിയിട്ടുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആരംഭിച്ച് കിഴക്കോട്ടേക്കാണ് ഈ ഗ്രഹണം നീങ്ങുന്നത്. ഏകദേശം 258 കിലോമീറ്റർ വീതിയുള്ള ഒരു നിഴൽ ഇത് സൃഷ്ടിക്കും. Space.com റിപ്പോർട്ട് അനുസരിച്ച്, ഗ്രഹണം പൂർണ്ണമായി കാണാൻ കഴിയുന്ന പാത സ്പെയിൻ, മൊറോക്കോ, അൾജീരിയ, ട്യൂണീഷ്യ, ലിബിയയുടെയും മധ്യ ഈജിപ്തിന്റെയും ചില ഭാഗങ്ങൾ, സുഡാൻ, യെമൻ, സൗദി അറേബ്യ, സൊമാലിയ എന്നിവിടങ്ങളിലൂടെ കടന്നുപോകും. അതിനുശേഷം ചാഗോസ് ദ്വീപസമൂഹത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇത് അവസാനിക്കും.