തൃശൂർ: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ച യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. ലാലൂർ സ്വദേശി ഏബിൾ ചാക്കോ (24) ആണ് മരിച്ചത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ സ്ഥിരമായി നടക്കുന്ന അയ്യന്തോളിലാണ് അപകടം നടന്നത്.

ഇന്ന് രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഏബിൾ. യാത്രയ്ക്കിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ, പിന്നാലെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഏബിളിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തൃശൂരിൽ നിന്ന് കുന്നംകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.
സംഭവത്തിന് പിന്നാലെ കോൺഗ്രസ്, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. നഗരത്തിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മേയറെ അറസ്റ്റ് ചെയ്യണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുൻപാണ് തൃശൂർ എം.ജി റോഡിൽ സമാനമായ രീതിയിൽ കുഴി ഒഴിവാക്കാൻ ശ്രമിച്ച മറ്റൊരു യുവാവ് ബസിടിച്ച് മരിച്ചത്. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ഒരു ജീവൻ കവർന്നതിന്റെ ഞെട്ടലിലാണ് നാട്.