
കൊച്ചി: ‘തുടരും’ എന്ന ചിത്രത്തിലെ നായകനും വില്ലനും വീണ്ടും ഒന്നിച്ചപ്പോൾ പിറന്നത് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു പരസ്യചിത്രമാണ്. നടൻ മോഹൻലാലും സംവിധായകൻ പ്രകാശ് വർമ്മയും ഒന്നിച്ച വിൻസ്മേര ജുവൽസിന്റെ പുതിയ പരസ്യമാണ് പരമ്പരാഗത ആഭരണ പരസ്യങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് പ്രേക്ഷകരുടെ കൈയടി നേടുന്നത്.
ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവങ്ങളിൽ ചുവടുവെക്കുന്ന മോഹൻലാലാണ് പരസ്യത്തിന്റെ പ്രധാന ആകർഷണം. സാധാരണഗതിയിൽ പരാജയപ്പെടാനോ ട്രോളുകൾക്ക് ഇരയാകാനോ സാധ്യതയുള്ള ഒരു പ്രമേയത്തെ മോഹൻലാൽ തന്റെ അഭിനയമികവ് കൊണ്ട് മികച്ച ഒരു കലാസൃഷ്ടിയാക്കി മാറ്റിയെന്നാണ് ആരാധകരുടെ പ്രധാന അഭിപ്രായം. പ്രകാശ് വർമ്മയുടെ സംവിധാന മികവും മോഹൻലാലിന്റെ ഭാവപ്രകടനങ്ങളും ചേർന്നപ്പോൾ പരസ്യം വേറിട്ട ഒരനുഭവമായി മാറിയെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.
പ്രമുഖ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു ഉൾപ്പെടെ നിരവധി പേർ പരസ്യത്തെ പ്രശംസിച്ച് രംഗത്തെത്തി. “എല്ലാ പുരുഷൻമാരിലുമുള്ള സ്ത്രൈണതയെ മോഹൻലാൽ മനോഹരമായി അവതരിപ്പിച്ചു. എന്തൊരു അവിശ്വസനീയമായ പരസ്യമാണിത്” എന്നാണ് ഖുശ്ബു കുറിച്ചത്.
‘തുടരും’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മ, പരസ്യരംഗത്തെ പ്രമുഖ സംവിധായകനാണ്. വോഡാഫോണിന്റെ ‘സൂസൂ’ പരസ്യങ്ങൾ, ഐഫോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വൻകിട ബ്രാൻഡുകൾക്ക് വേണ്ടി ഷാരൂഖ് ഖാനെ പോലുള്ള താരങ്ങളെ വെച്ച് അദ്ദേഹം പരസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലുമായി വീണ്ടും ഒന്നിച്ച ഈ പരസ്യവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.