
കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ച് സി.പി.ഐ.എം മുൻ എം.എൽ.എ. അയിഷ പോറ്റി പ്രതികരിച്ചു. ഉമ്മൻ ചാണ്ടി അനുസ്മരണം എന്ന ഒറ്റക്കാരണത്താലാണ് കോൺഗ്രസുമായി വേദി പങ്കിടുന്നതെന്ന് അവർ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്തെ എം.എൽ.എ. എന്ന നിലയിലാണ് തന്നെ ക്ഷണിച്ചത്.
കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെയൊരു സാധ്യതയില്ലെന്നും, താൻ പ്രൊഫഷണൽ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അയിഷ പോറ്റി പറഞ്ഞു. സി.പി.ഐ.എം. നേതൃത്വവുമായി അകലം പാലിക്കുന്ന സാഹചര്യത്തിൽ, അവർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, തനിക്കിപ്പോൾ ഒരു രാഷ്ട്രീയവുമില്ലെന്നും, ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പാർട്ടി ചുമതലകളിൽ നിന്ന് മാറിയതെന്നും അവർ കൂട്ടിച്ചേർത്തു.
കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്താനാണ് അയിഷ പോറ്റി എത്തിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി., ചാണ്ടി ഉമ്മൻ എം.എൽ.എ. തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.