
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ്സിനെതിരെ ശക്തമായ പ്രതിഷേധം നയിക്കുന്ന ബിജെപി, സമാനമായ ആരോപണത്തിൽ പ്രതിരോധത്തിലായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാർട്ടിയുടെ പാലക്കാട്ടെ പ്രമുഖ നേതാവുമായ സി. കൃഷ്ണകുമാറിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് സ്വദേശിനിയായ യുവതി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പരാതി നൽകിയത്.
വർഷങ്ങൾക്ക് മുൻപ് കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇക്കാര്യം മുൻപ് പാർട്ടിയിലെ മുതിർന്ന നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ് തുടങ്ങിയവരെ അറിയിച്ചിരുന്നുവെന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് പുതിയ സംസ്ഥാന അധ്യക്ഷന് പരാതി നൽകുന്നതെന്നും യുവതി വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമരം നയിക്കാൻ കൃഷ്ണകുമാറിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കാമെന്ന് പരാതിക്കാരിക്ക് മറുപടി നൽകിയതായും ഓഫീസ് അറിയിച്ചു.
ആരോപണം വ്യാജം, പിന്നിൽ സ്വത്ത് തർക്കമെന്ന് കൃഷ്ണകുമാർ
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സി. കൃഷ്ണകുമാർ പൂർണ്ണമായി നിഷേധിച്ചു. ഇതൊരു വ്യാജ പരാതിയാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പരാതിക്കാരി തന്റെ ഭാര്യയുടെ സഹോദരിയാണെന്നും, കുടുംബപരമായ സ്വത്ത് തർക്കമാണ് ഈ ആരോപണത്തിന് പിന്നിലെ അടിസ്ഥാന കാരണമെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
2014-ലും ഇതേ പരാതിക്കാരി സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ സ്വത്ത് തർക്കത്തെ തുടർന്നുള്ള വ്യാജ പരാതിയാണിതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അന്ന് കോടതി ആ കേസ് തള്ളിക്കളഞ്ഞതാണെന്നും കൃഷ്ണകുമാർ വിശദീകരിച്ചു. ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ ഈ പഴയ വിഷയം വീണ്ടും കുത്തിപ്പൊക്കിയത് കോൺഗ്രസുമായി ചേർന്ന് മുൻ ബിജെപി നേതാവ് സന്ദീപ് വാര്യരാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.