ധർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്; കൂട്ടക്കൊലപാതകം ആരോപിച്ച പരാതിക്കാരൻ അറസ്റ്റിൽ!

ധർമ്മസ്ഥല (കർണാടക): കർണാടകയെ നടുക്കിയ ധർമ്മസ്ഥല കൂട്ടബലാത്സംഗ, കൊലപാതക ആരോപണങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

1995 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഭീഷണിക്ക് വഴങ്ങിയാണ് ഇത് ചെയ്തതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ജൂലൈ 11-ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ ഇയാൾ, താൻ തന്നെ കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ചില അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കൈമാറിയിരുന്നു. ഇത് ഒരു സ്ത്രീയുടേതാണെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, ഫോറൻസിക് പരിശോധനയിൽ ഇത് പുരുഷന്റെ അസ്ഥികൂടമാണെന്ന് തെളിഞ്ഞതോടെയാണ് കളി മാറിയത്. കള്ളസാക്ഷി പറഞ്ഞതിനും തെറ്റായ തെളിവ് നൽകിയതിനും ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

പരാതി നൽകിയതിനെ തുടർന്ന് സാക്ഷി സംരക്ഷണ പരിപാടിയിൽ കഴിഞ്ഞിരുന്ന ഇയാളുടെ സംരക്ഷണം പിൻവലിച്ച ശേഷമാണ് വെള്ളിയാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 17 സ്ഥലങ്ങളിൽ ഖനനം നടത്തിയെങ്കിലും രണ്ട് സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് അവശിഷ്ടങ്ങൾ കണ്ടെത്താനായത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading