
ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരം അജിങ്ക്യാ രഹാനെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. പുതിയ ആഭ്യന്തര സീസൺ ആരംഭിക്കാനിരിക്കെ, യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് തന്റെ തീരുമാനമെന്ന് രഹാനെ വ്യക്തമാക്കി. കളിക്കാരനെന്ന നിലയിൽ തുടർന്നും ടീമിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“മുംബൈ ടീമിനെ നയിക്കാനും കിരീടങ്ങൾ നേടാനും സാധിച്ചത് വലിയ ബഹുമതിയായി കാണുന്നു. പുതിയ ആഭ്യന്തര സീസൺ വരാനിരിക്കെ, ഒരു പുതിയ നായകനെ വളർത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാലാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്” എന്ന് രഹാനെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഒരു കളിക്കാരൻ എന്ന നിലയിൽ തന്റെ ഏറ്റവും മികച്ച പ്രകടനം തുടരുമെന്നും മുംബൈയ്ക്കായി കൂടുതൽ ട്രോഫികൾ നേടാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഹാനെയുടെ നായകത്വത്തിൽ മുംബൈ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-24 സീസണിൽ ടീം രഞ്ജി ട്രോഫി കിരീടം തിരികെപ്പിടിച്ചു. ഇതിനുപുറമെ, 2022-23 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും 2024-25ലെ ഇറാനി കപ്പിലും മുംബൈ ജേതാക്കളായി. കഴിഞ്ഞ രഞ്ജി സീസണിൽ ടീമിനെ സെമിഫൈനൽ വരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
രഹാനെ സ്ഥാനമൊഴിഞ്ഞതോടെ മുംബൈയുടെ അടുത്ത നായകൻ ആരാകുമെന്ന ചർച്ചകൾ സജീവമായി. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായതിനാൽ ജയ്സ്വാളിനെയും സർഫറാസിനെയും ആഭ്യന്തര സീസണിൽ മുഴുവനായും ലഭ്യമായേക്കില്ല. അതിനാൽ, നിലവിൽ ടെസ്റ്റ് ടീമിന് പുറത്തുള്ള ശ്രേയസ് അയ്യർക്കോ സൂര്യകുമാർ യാദവിനോ നറുക്ക് വീഴാനാണ് സാധ്യത.