
ഭുവനേശ്വർ: ധാതുസമ്പന്നമായ ഒഡിഷയുടെ മണ്ണിൽ നിന്ന് വീണ്ടും സന്തോഷവാർത്ത. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 മുതൽ 20 ടൺ വരെ സ്വർണ്ണ ശേഖരം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) സ്ഥിരീകരിച്ചു. ഖനി മന്ത്രി ബിഭൂതി ഭൂഷൺ ജെന നിയമസഭയിൽ ഇക്കാര്യം അറിയിച്ചതോടെ, രാജ്യത്തെ ആഭ്യന്തര സ്വർണ്ണ ഉത്പാദനത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്.
ദേവ്ഗഢ്, സുന്ദർഗഢ്, നബരംഗ്പൂർ, കിയോഞ്ചാർ, അംഗുൽ, കോരാപുട്ട് എന്നീ ജില്ലകളിലാണ് പ്രധാനമായും സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ മയൂർഭഞ്ച്, മാൽക്കൻഗിരി, സാംബൽപൂർ, ബൗദ്ധ് തുടങ്ങിയ ജില്ലകളിലും പര്യവേക്ഷണം തുടരുകയാണ്. ഖനനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദേവ്ഗഢിലെ ആദ്യ സ്വർണ്ണ ഖനന ബ്ലോക്ക് ലേലം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയുടെ ഇറക്കുമതിയെ ബാധിക്കുമോ?
പുതിയ കണ്ടെത്തൽ രാജ്യത്തിന് വലിയ നേട്ടമാണെങ്കിലും, ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതിയെ ഇത് കാര്യമായി സ്വാധീനിക്കില്ല. കഴിഞ്ഞ വർഷം ഇന്ത്യ 700 മുതൽ 800 മെട്രിക് ടൺ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്. 2020-ലെ കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര ഉത്പാദനം വെറും 1.6 ടൺ മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ 10-20 ടണ്ണിന്റെ പുതിയ ശേഖരം ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരേണ്ടിവരും.
എങ്കിലും, ഒഡിഷയുടെ ഖനന മേഖലയ്ക്ക് ഇത് വലിയ ഉണർവ് നൽകും. പുതിയ ഖനികൾ വരുന്നതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും പ്രാദേശിക സാമ്പത്തിക വ്യവസ്ഥയ്ക്ക് കരുത്തേകുകയും ചെയ്യും. ക്രോമൈറ്റ്, ബോക്സൈറ്റ്, ഇരുമ്പയിര് തുടങ്ങിയ ധാതുക്കളുടെ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഒഡിഷയ്ക്ക്, സ്വർണ്ണത്തിന്റെ കണ്ടെത്തൽ പുതിയൊരു മുതൽക്കൂട്ട് കൂടിയാണ്. ഒഡിഷ മൈനിംഗ് കോർപ്പറേഷനും ജി.എസ്.ഐയും സംയുക്തമായാണ് ഖനന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.