ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ വസതിയിൽ വെച്ച് ആക്രമണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഔദ്യോഗിക വസതിയിൽ വെച്ച് ആക്രമണം. തലസ്ഥാനത്തെ സിവിൽ ലൈൻസിലുള്ള വസതിയിൽ പൊതുജനങ്ങളുടെ പരാതി കേൾക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയുടെ പ്രതിവാര പരാതി പരിഹാര പരിപാടിയായ ‘ജൻ സുൻവായി’ക്കിടെയാണ് ആക്രമണമുണ്ടായത്. മുപ്പതുകളിലുള്ള ഒരാൾ മുഖ്യമന്ത്രിക്ക് ഒരു കടലാസ് കൈമാറിയ ശേഷം പെട്ടെന്ന് ആക്രോശിക്കുകയും, അവരെ അടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

പ്രതി മുഖ്യമന്ത്രിയുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ കൈവശം കോടതിയുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെത്തിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു. അക്രമത്തിനിടെ, ഭാരമുള്ള ഒരു വസ്തു മുഖ്യമന്ത്രിക്ക് നേരെ എറിഞ്ഞതായും ഇതിന്റെ ആഘാതത്തിൽ അവർ നിലത്തുവീണതായും ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് (IANS) റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

സംഭവത്തെ തുടർന്ന് പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയും ഡൽഹി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading