ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള ജോദ് ഘാട്ടി എന്ന വിദൂര ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തിലും ഉരുൾപൊട്ടലിലും ഏഴ് പേരെങ്കിലും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി മുതൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് രാജ്ബാഗ് മേഖലയിൽ ദുരന്തമുണ്ടായത്.
ഇതോടെ ഗ്രാമം പൂർണ്ണമായും ഒറ്റപ്പെടുകയും കൃഷിയിടങ്ങളിലും വീടുകളിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ദുർഘടമായ പാതകൾ താണ്ടി പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരുടെ സഹായത്തോടെ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതോടൊപ്പം, കത്വ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഗാർഡ്, ചങ്ങ്ദ ഗ്രാമങ്ങളിലും ലഖൻപൂരിലെ ദിൽവാൻ-ഹുത്ലി മേഖലയിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. മേഖലയിൽ ഉടനീളം കനത്ത മഴ തുടരുന്നതിനാൽ ചെറു പുഴകളിലും നദികളിലും ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. ഉജ് നദി നിലവിൽ അപകടരേഖയ്ക്ക് സമീപമാണ് ഒഴുകുന്നത്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജലാശയങ്ങൾക്ക് സമീപം പോകുന്നതും ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും സംഭവത്തിൽ പ്രതികരിച്ചു. കത്വ ജില്ലയിൽ സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. നാല് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റെയിൽവേ ട്രാക്കിനും ദേശീയപാതയ്ക്കും കത്വ പോലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു