
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ഏഴു ദിവസം നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 13), ഓഗസ്റ്റ് 17, 18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി കാലവർഷം വരും ദിവസങ്ങളിൽ സജീവമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്, 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാം.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.