
യാത്രക്കാരിക്ക് വൃത്തിഹീനവും മലിനവുമായ സീറ്റ് നൽകിയതിന് ഇൻഡിഗോ എയർലൈൻസിന് 1.5 ലക്ഷം രൂപ പിഴ. സേവനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ന്യൂഡൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയത്. യാത്രക്കാരിക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായാണ് ഈ തുക നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
ഈ വർഷം ജനുവരി 2-ന് അസർബൈജാനിലെ ബാക്കുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പിങ്കി എന്ന യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. വിമാനത്തിൽ തനിക്ക് അനുവദിച്ച സീറ്റ് ഉപയോഗിക്കാൻ കഴിയാത്തവിധം വൃത്തിഹീനമായിരുന്നുവെന്ന് അവർ പരാതിയിൽ പറയുന്നു. ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ നിസ്സംഗവും നിരുത്തരവാദപരവുമായ സമീപനമാണ് ഉണ്ടായതെന്നും പിങ്കി ആരോപിച്ചു.
എന്നാൽ, പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരിക്ക് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും അവർ ആ സീറ്റിൽ യാത്ര പൂർത്തിയാക്കിയെന്നും ഇൻഡിഗോ എയർലൈൻസ് വാദിച്ചു. എന്നാൽ, ഈ വാദം കമ്മീഷൻ അംഗീകരിച്ചില്ല. വിമാനത്തിലെ യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തുന്ന സിറ്റുവേഷൻ ഡാറ്റ ഡിസ്പ്ലേ (SDD) റിപ്പോർട്ട് പോലുള്ള നിർണായക രേഖകൾ ഹാജരാക്കാൻ ഇൻഡിഗോയ്ക്ക് കഴിഞ്ഞില്ലെന്ന് ഫോറം കണ്ടെത്തി. ഇത് കമ്പനിയുടെ പ്രതിരോധം ദുർബലപ്പെടുത്തിയെന്ന് വിധിയിൽ പറയുന്നു. നഷ്ടപരിഹാര തുകയായ 1.5 ലക്ഷം രൂപയ്ക്ക് പുറമെ, കേസ് നടത്തിപ്പ് ചെലവായി 25,000 രൂപ കൂടി നൽകാനും കമ്മീഷൻ ഉത്തരവിട്ടു.