
ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സുവർണ്ണാവസരം. ക്രിക്കറ്റിൻ്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പുൽത്തകിടിയുടെ ഒരു ഭാഗം ഇനി നിങ്ങൾക്കും സ്വന്തമാക്കാം. ഗ്രൗണ്ടിൻ്റെ ഉടമകളായ മെരിലബോൺ ക്രിക്കറ്റ് ക്ലബ് (MCC) ആണ് ചരിത്രപരമായ ഈ പുൽത്തകിടി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 1.2 x 0.6 മീറ്റർ വലുപ്പമുള്ള പുൽത്തകിടിയുടെ കഷ്ണത്തിന് 50 പൗണ്ടാണ് (ഏകദേശം 5000 രൂപ) വില.
ലോർഡ്സ് ഗ്രൗണ്ടിന്റെ ഔട്ട്ഫീൽഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുൽത്തകിടി വിൽക്കുന്നത്. 2002-ന് ശേഷം ആദ്യമായാണ് ഗ്രൗണ്ടിൽ ഇത്രയും വലിയ മാറ്റം വരുന്നത്. എംസിസി ഫൗണ്ടേഷന് വേണ്ടിയുള്ള ധനസമാഹരണവും ഗ്രൗണ്ടിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തലുമാണ് ഈ വിൽപ്പനയുടെ പ്രധാന ലക്ഷ്യം. വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം എംസിസി ഫൗണ്ടേഷന് നൽകും. ബാക്കി തുക ഗ്രൗണ്ടിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
പൊതുജനങ്ങൾക്കും അവസരം
ഈ അവസരം എംസിസിയിലെ 25,000 അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ ചരിത്ര ഭൂമിയുടെ ഭാഗമാകാൻ അവസരമുണ്ട്. നിരവധി ഇതിഹാസ താരങ്ങൾ കളിച്ച, അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോർഡ്സിലെ പുൽത്തകിടി സ്വന്തമാക്കാനുള്ള അവസരമാണിത്. അടുത്തിടെ കളിക്കാർ ഡൈവ് ചെയ്യുമ്പോൾ പുൽത്തകിടി അടർന്നുപോകുന്നത് പോലുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഔട്ട്ഫീൽഡ് പൂർണ്ണമായും മാറ്റി പുതിയ പുല്ല് വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്.