ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു!! ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും വിഘടനവാദം വളർത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ ‘ആസാദി’, മുതിർന്ന അഭിഭാഷകനായിരുന്ന എ.ജി. നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട്’ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കൃതികളാണ് നിരോധിച്ചവയുടെ പട്ടികയിലുള്ളത്.

തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും ചരിത്രത്തെ വളച്ചൊടിച്ചും യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ ഈ പുസ്തകങ്ങൾ കാരണമാകുന്നുവെന്ന് ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മൗലാനാ മൗദൂദിയുടെ ‘അൽ ജിഹാദുൽ ഫിൽ ഇസ്ലാം’, വിക്ടോറിയ സ്കോഫീൽഡിന്റെ ‘കശ്മീർ ഇൻ കോൺഫ്ലിക്റ്റ്’, ഡേവിഡ് ദേവദാസിന്റെ ‘ഇൻ സെർച്ച് ഓഫ് കശ്മീർ’ എന്നിവയും നിരോധിച്ച പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.

ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. ഉത്തരവിന് പിന്നാലെ കശ്മീരിലെ പുസ്തകശാലകളിൽ പോലീസ് റെയ്ഡ് നടത്തി നിരോധിച്ച പുസ്തകങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങി.

അതേസമയം, പുസ്തകങ്ങൾ നിരോധിച്ച നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് സിപിഎം എം.പി വി. ശിവദാസൻ ആവശ്യപ്പെട്ടു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading