“കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണം”; ആഹ്വാനവുമായി തമിഴ്നാട് ബിജെപി

നടൻ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി രംഗത്ത്. സനാതന ധർമ്മത്തെക്കുറിച്ചുള്ള കമൽ ഹാസന്റെ പരാമർശമാണ് ബിജെപിയെ ചൊടിപ്പിച്ചത്. നടൻ സൂര്യയുടെ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു കമൽ ഹാസന്റെ വിവാദ പരാമർശം.

“ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്” എന്നാണ് കമൽ ഹാസൻ പറഞ്ഞത്. നീറ്റ് പരീക്ഷയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെങ്കിലും, സനാതന ധർമ്മത്തെ ചേർത്തുള്ള പരാമർശം വലിയ വിവാദമായി.

ഇതിനുപിന്നാലെ, “ഉദയനിധി സ്റ്റാലിന് ശേഷം ഇപ്പോൾ കമൽ ഹാസൻ സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുത്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം” എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ പരിപാടിയിൽ സനാതനത്തെക്കുറിച്ച് സംസാരിച്ചത് അനാവശ്യമായിരുന്നുവെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബുവും പ്രതികരിച്ചു. അതേസമയം, കമൽ ഹാസൻ കൃത്യമായ സന്ദേശമാണ് നൽകിയതെന്നും വലതുപക്ഷത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും ഡിഎംകെ വക്താവ് പ്രതികരിച്ചു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading