‘ഇന്ത്യയിലേക്ക് തിരികെ പോകൂ’; അയർലൻഡിൽ 6 വയസ്സുകാരിക്ക് നേരെ ക്രൂരമായ വംശീയ ആക്രമണം

ഡബ്ലിൻ: “ഇന്ത്യയിലേക്ക് തിരികെ പോകൂ” എന്ന് ആക്രോശിച്ച് ഇന്ത്യൻ വംശജയായ ആറുവയസ്സുകാരിയെ അയർലൻഡിൽ ഒരു സംഘം കുട്ടികൾ ക്രൂരമായി മർദിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സൈക്കിൾ കൊണ്ട് ഇടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സമീപകാലത്തായി അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിത്.

വാട്ടർഫോർഡ് സിറ്റിയിലെ കിൽബാരി ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. 12-നും 14-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് ആക്രമണം നടത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എട്ടുവർഷമായി അയർലൻഡിൽ നഴ്സായി ജോലി ചെയ്യുകയും അടുത്തിടെ ഐറിഷ് പൗരത്വം നേടുകയും ചെയ്ത അമ്മ, 10 മാസം പ്രായമുള്ള കുഞ്ഞിന് ഭക്ഷണം നൽകാൻ അൽപ്പനേരം വീടിനുള്ളിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്.

“വൃത്തികെട്ട ഇന്ത്യക്കാരി, ഇന്ത്യയിലേക്ക് തിരികെ പോകൂ” എന്ന് അധിക്ഷേപിച്ച അക്രമികൾ, കുട്ടിയെ മർദിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. ആക്രമണത്തിൽ ഭയന്നുപോയ കുട്ടിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഐറിഷ് പോലീസായ ഗാർഡയിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളായ കുട്ടികൾക്ക് ശിക്ഷ നൽകുന്നതിനേക്കാൾ, അവർക്ക് കൗൺസിലിംഗ് നൽകണമെന്നാണ് ആഗ്രഹമെന്നും അമ്മ കൂട്ടിച്ചേർത്തു.

അയർലൻഡിൽ ഇന്ത്യൻ വംശജർക്കെതിരെ അടുത്തിടെയായി നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading