
റെഡ് മീറ്റും (ബീഫ്, പോർക്ക്, ആട്) പാലുൽപ്പന്നങ്ങളും കഴിച്ചതിന് ശേഷം ഗുരുതരമായ അലർജിക്ക് കാരണമാകുന്ന ‘ആൽഫ-ഗാൽ സിൻഡ്രോം’ (AGS) എന്ന രോഗം ലോകമെമ്പാടും പടരുന്നതായി റിപ്പോർട്ട്. ചെള്ളുകളിൽ നിന്നുള്ള കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്ക് എത്തുന്ന ഈ രോഗം ആഗോളതലത്തിൽ ആരോഗ്യരംഗത്ത് പുതിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ലോൺ സ്റ്റാർ പോലുള്ള പ്രത്യേകതരം ചെള്ളുകളുടെ കടിയേൽക്കുമ്പോൾ, അവയുടെ ഉമിനീരിലുള്ള ‘ആൽഫ-ഗാൽ’ എന്ന ഷുഗർ തന്മാത്ര മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. ഇതിനെതിരെ ശരീരം ഒരു പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നു. പിന്നീട്, ഈ തന്മാത്രയടങ്ങിയ റെഡ് മീറ്റ് കഴിക്കുമ്പോൾ ശരീരം ശക്തമായി പ്രതികരിക്കുകയും ഇത് ഗുരുതരമായ അലർജിക്ക് കാരണമാവുകയും ചെയ്യുന്നു.
സാധാരണ ഭക്ഷണ അലർജികളിൽ നിന്ന് വ്യത്യസ്തമായി, ആൽഫ-ഗാൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രകടമാകുന്നത്. ത്വക്കിൽ ചൊറിച്ചിൽ, ശക്തമായ വയറുവേദന, ഓക്കാനം, ശ്വാസതടസ്സം, ജീവന് ഭീഷണിയാകാവുന്ന അനാഫൈലാക്സിസ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ കാലതാമസം കാരണം പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകുകയും സാധാരണ ഭക്ഷ്യവിഷബാധയായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
അമേരിക്കയിൽ മാത്രം ഏകദേശം 4,50,000 ആളുകളെ ഈ രോഗം ബാധിച്ചിരിക്കാമെന്നാണ് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കുകൾ. റെഡ് മീറ്റിന്റെ അമിതമായ ഉപയോഗം ഹൃദ്രോഗം, ചിലതരം കാൻസറുകൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ഏജൻസികൾ മുൻപേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.