
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) രാജ്യവ്യാപകമായി സുരക്ഷ കർശനമാക്കാൻ നിർദേശം നൽകിയത്.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ അതീവ ജാഗ്രത തുടരാനാണ് നിർദേശം. ഭീകര സംഘടനകളോ സാമൂഹ്യവിരുദ്ധരോ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പാകിസ്താൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് ഈ മുന്നറിയിപ്പെന്നും ചില റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ BCAS ഓഗസ്റ്റ് 4-ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ടെർമിനലുകളിലും പാർക്കിംഗ് ഏരിയകളിലും പട്രോളിംഗ് ശക്തമാക്കും, ജീവനക്കാരുടെയും യാത്രക്കാരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കും, കാർഗോകൾക്ക് പ്രത്യേക സുരക്ഷാ പരിശോധന ഏർപ്പെടുത്തും, സിസിടിവി നിരീക്ഷണം 24 മണിക്കൂറും ഉറപ്പാക്കും എന്നിങ്ങനെയുള്ള കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്