
മുംബൈ: തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനി ഭർത്താവ് സൊഹൈൽ ഖതൂരിയയുമായുള്ള വിവാഹ വീഡിയോ ഉൾപ്പെടെയുള്ള നിരവധി പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെ വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമായി. 2022 ഡിസംബറിൽ രാജസ്ഥാനിൽ വെച്ച് നടന്ന ആഡംബര വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയത്.
‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന റിയാലിറ്റി ഷോയിലൂടെ ഇരുവരും തങ്ങളുടെ പ്രണയവും വിവാഹവും ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് ഏകദേശം മൂന്ന് വർഷം പിന്നിടുമ്പോൾ, ഹൻസികയുടെ ഈ അപ്രതീക്ഷിത നീക്കം ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന സൂചനയാണ് നൽകുന്നത്.
2025 ജൂലൈ 18-ന് ശേഷം താരം സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല. ഇരുവരും പരസ്പരം അൺഫോളോ ചെയ്തതായും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഹൻസിക അമ്മയുടെ അടുത്തേക്ക് താമസം മാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവ് സൊഹൈൽ ഖതൂരിയ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പ്രൈവറ്റാക്കുകയും ചെയ്തു. മുൻപ് വിവാഹമോചന വാർത്തകൾ പ്രചരിച്ചപ്പോൾ, അത് സത്യമല്ലെന്ന് സൊഹൈൽ പ്രതികരിച്ചിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങളിൽ ഹൻസികയോ സൊഹൈലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.