
തൃശ്ശൂർ മലക്കപ്പാറയിലെ വീരൻകുടിയിൽ ജനങ്ങൾ വീണ്ടും പുലിപ്പേടിയിൽ. നാല് വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ അതേ സ്ഥലത്ത് വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ‘ഉന്നതി’ എന്ന പ്രദേശത്തെ കുടിലുകൾക്കുള്ളിൽ വരെ പുലി കയറിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞ അർധരാത്രിയാണ് പുലി വീണ്ടും ജനവാസമേഖലയിൽ എത്തിയത്. വൈകുന്നേരത്തോടെ പുലിയെ കണ്ടതിനെ തുടർന്ന് ‘ഉന്നതി’യിലെ ആളുകളെ മലക്കപ്പാറയിലുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. കുട്ടിയെ പുലി പിടികൂടിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇവിടെ പുലിയെത്തുന്നത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീരൻകുടി, അരേക്കാപ്പ് ഉന്നതി എന്നിവിടങ്ങളിലെ 47 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനിടെ, പുനരധിവാസം ചർച്ച ചെയ്യാനെത്തിയ ചാലക്കുടി തഹസിൽദാറുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണവുമുണ്ടായി.