ബിഗ് ബോസ് 7-ന് ഇന്ന് തുടക്കം; ’17-ന്റെ പണി’യുമായി മോഹൻലാൽ, അറിയാം വിശേഷങ്ങൾ

മലയാള ടെലിവിഷൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന് ഇന്ന് (ഓഗസ്റ്റ് 3) വൈകുന്നേരം 7 മണിക്ക് വർണ്ണാഭമായ തുടക്കമാകും. ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യും. അവതാരകനായ മോഹൻലാൽ പുതിയ മത്സരാർത്ഥികളെ ബിഗ് ബോസ് വീട്ടിലേക്ക് സ്വാഗതം ചെയ്യും.

മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കടുപ്പമേറിയ ടാസ്ക്കുകളും നിയമങ്ങളുമായാണ് ഇത്തവണ ഷോ എത്തുന്നത്. “വരുന്നത് 7-ന്റെ അല്ല, 17-ന്റെ പണിയാണ്” എന്ന് മോഹൻലാൽ പ്രൊമോ വീഡിയോകളിൽ പറയുന്നതും ഈ മാറ്റങ്ങളുടെ സൂചനയാണ്. വിക്റ്റിം കാർഡ്, സോപ്പിംഗ് കാർഡ്, നന്മ കാർഡ് തുടങ്ങിയ തന്ത്രങ്ങൾക്കൊന്നും ഇത്തവണ സ്ഥാനമുണ്ടാകില്ലെന്നും അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

സിനിമ, സീരിയൽ, സംഗീതം, സോഷ്യൽ മീഡിയ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം സാധാരണക്കാരായ മത്സരാർത്ഥികളും ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ടാകും. നൂറ് ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ കഴിയുന്ന മത്സരാർത്ഥികൾ, വിവിധ ടാസ്ക്കുകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകണം. പ്രേക്ഷകരുടെ വോട്ടിലൂടെയാണ് ഓരോ ആഴ്ചയും പുറത്താക്കൽ നടക്കുക.

ആരൊക്കെയാകും ഇത്തവണ ബിഗ് ബോസ് വീട്ടിലെ താമസക്കാർ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading