
വെബ് ബ്രൗസിംഗ് രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോരാട്ടം കടുപ്പിച്ച് മൈക്രോസോഫ്റ്റ്. തങ്ങളുടെ എഡ്ജ് ബ്രൗസറിൽ എഐ അധിഷ്ഠിത ‘കോപ്പൈലറ്റ് മോഡ്’ (Copilot Mode) അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം കൂടുതൽ മികച്ചതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ ഗൂഗിൾ ‘എഐ സെർച്ച് മോഡും’, എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി ‘കോമറ്റ് ബ്രൗസറും’ അവതരിപ്പിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം.
പുതിയ ഫീച്ചർ അനുസരിച്ച്, എഡ്ജിൽ വിഷയങ്ങൾ അടിസ്ഥാനമാക്കി സെർച്ചുകൾ ഏകീകരിക്കാനും വിവിധ ജോലികൾ പൂർത്തിയാക്കാനും ഉപയോക്താക്കളെ കോപ്പൈലറ്റ് സഹായിക്കും. തുറന്നുവെച്ചിരിക്കുന്ന എല്ലാ ടാബുകളിലെയും വിവരങ്ങൾ ഒരുമിച്ച് വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനും ഇതിന് സാധിക്കും. ഇതിനായി ഉപയോക്താവിന് ടാബുകൾ മാറിമാറി ഉപയോഗിക്കേണ്ടി വരില്ല.
എഐയുടെ സഹായത്തോടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനൊപ്പം ഉപയോക്താക്കൾക്കായി ജോലികൾ കൂടി ചെയ്യാൻ ലക്ഷ്യമിട്ടാണ് പെർപ്ലെക്സിറ്റി ‘കോമറ്റ്’ എന്ന ബ്രൗസർ അവതരിപ്പിച്ചത്. ജെമിനി 2.5 ലാർജ് ലാംഗ്വേജ് മോഡൽ ഉപയോഗിച്ചാണ് ഗൂഗിളിന്റെ എഐ സെർച്ച് മോഡ് പ്രവർത്തിക്കുന്നത്.