
ജമ്മു: പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ള 22 കുട്ടികളെ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ‘ദത്തെടുക്കും’. ഈ കുട്ടികളുടെ ബിരുദ പഠനം വരെയുള്ള മുഴുവൻ വിദ്യാഭ്യാസ ചെലവുകളും അദ്ദേഹം വഹിക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് ഈ കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളെ നഷ്ടമായത്. ഈ വർഷം മെയ് മാസം രാഹുൽ ഗാന്ധി പൂഞ്ച് സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിൽ, ഷെല്ലാക്രമണത്തിൽ സാരമായി ബാധിക്കപ്പെട്ട കുടുംബങ്ങളെ അദ്ദേഹം കാണുകയും, രണ്ട് വിദ്യാർത്ഥികളെ നഷ്ടപ്പെട്ട ഒരു സ്കൂളിലെ കുട്ടികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
തന്റെ സന്ദർശന വേളയിൽ, ദുരിതബാധിതരായ കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ രാഹുൽ ഗാന്ധി പ്രാദേശിക കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ സർവേയിലൂടെയും സർക്കാർ രേഖകൾ പരിശോധിച്ചുമാണ് 22 കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനായി സഹായത്തിന്റെ ആദ്യ ഗഡു ഉടൻ കൈമാറുമെന്നും ബിരുദം നേടുന്നതുവരെ ഈ സഹായം തുടരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
“അപകടകരമായ സാഹചര്യം നിങ്ങൾ കണ്ടു, ഭയപ്പെടുത്തുന്ന ഒരവസ്ഥയിലൂടെ കടന്നുപോയി. പക്ഷേ വിഷമിക്കേണ്ട, എല്ലാം സാധാരണ നിലയിലാകും. നന്നായി പഠിച്ചും കളിച്ചും ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കിയും വേണം ഈ പ്രശ്നത്തോട് നിങ്ങൾ പ്രതികരിക്കാൻ,” എന്നാണ് രാഹുൽ ഗാന്ധി കുട്ടികളോട് പറഞ്ഞത്.