
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് നൂറോളം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രി, കോടതി എന്നിവിടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരും, പരോളിലിറങ്ങി തിരികെ വരാത്തവരും ഈ കണക്കിൽ ഉൾപ്പെടുന്നു. 2020 മുതൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട അമ്പതോളം പേരിൽ 14 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, പരോളിലിറങ്ങിയ 85-ൽ അധികം തടവുകാർ ജയിലിൽ തിരികെ എത്തിയിട്ടില്ല. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർ പോലും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മാത്രം മുപ്പതോളം പേരും, കണ്ണൂർ, വിയ്യൂർ, നെട്ടുകാൽത്തേരി, ചീമേനി എന്നിവിടങ്ങളിലെ ജയിലുകളിൽ നിന്നും നിരവധി തടവുകാർ പരോളിൽ പോയ ശേഷം മുങ്ങിയിട്ടുണ്ട്.
ഇതോടൊപ്പം, സംസ്ഥാനത്തെ ജയിലുകൾ നിലവിൽ ഗുരുതരമായ സുരക്ഷാ ഭീഷണിയും നേരിടുന്നുണ്ട്. 7,828 പേരെ പാർപ്പിക്കാനുള്ള ശേഷി മാത്രമുള്ള ജയിലുകളിൽ ഇപ്പോൾ 10,054 തടവുകാരാണുള്ളത്. ശിക്ഷിക്കപ്പെട്ട തടവുകാരേക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണ് ജയിലുകളിലുള്ളത്. തിരുവനന്തപുരത്ത് 727 പേരെ പാർപ്പിക്കേണ്ടിടത്ത് 1,585 പേരും, കണ്ണൂരിൽ 948 പേരുടെ സ്ഥാനത്ത് 1,124 പേരും, വിയ്യൂരിൽ 553 പേർക്ക് പകരം 1,123 തടവുകാരുമാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തടവുകാരുടെ എണ്ണക്കൂടുതലും സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.