
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി തന്ത്രങ്ങൾ മെനയാൻ ഇന്ത്യാ മുന്നണി ഇന്ന് നിർണായക യോഗം ചേരും. വൈകിട്ട് ഏഴ് മണിക്ക് ഓൺലൈനായാണ് യോഗം. എന്നാൽ, പ്രമുഖ കക്ഷികളായ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.
തങ്ങൾ ഇപ്പോൾ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. അതേസമയം, പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാത്തത്.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട പൊതുവായ നയസമീപനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. സർക്കാരിനെതിരെ ഒന്നിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുകയാണ് പ്രധാന ലക്ഷ്യം.
തൃണമൂലിന്റെയും എഎപിയുടെയും അസാന്നിധ്യം മുന്നണിയുടെ ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്. കോൺഗ്രസ്, ഡിഎംകെ, ആർജെഡി, സമാജ്‌വാദി പാർട്ടി, ശിവസേന (യുബിടി) തുടങ്ങിയ ഘടകകക്ഷികളിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.