ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം; ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

ബാങ്കോക്ക്: തായ്‌ലൻഡിലെ ബുദ്ധമത സമൂഹത്തെ ഞെട്ടിച്ച് 100 കോടിയിലധികം രൂപയുടെ ബ്ലാക്ക്മെയിൽ തട്ടിപ്പ്. രാജ്യത്തെ പ്രമുഖ ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് അവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ വിലാവൺ എംസാവത്ത് (Wilawan Emsawat) എന്ന യുവതിയെ തായ് പോലീസ് അറസ്റ്റ് ചെയ്തു. 80,000-ലധികം നഗ്നചിത്രങ്ങളും വീഡിയോകളും യുവതിയുടെ പക്കൽ നിന്ന് കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ.

തായ്‌ലൻഡിന്റെ മതാചാരങ്ങളെയും പൊതുവിശ്വാസത്തെയും ചോദ്യം ചെയ്യുന്ന ഈ സംഭവം രാജ്യമെമ്പാടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഏകദേശം മൂന്ന് വർഷത്തിനിടെ വിളാവൺ എംസാവത്ത് 102 കോടി ഇന്ത്യൻ രൂപയോളം (ഏകദേശം 385 ദശലക്ഷം തായ് ബാത്ത്) ഇത്തരത്തിൽ തട്ടിയെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞത് ഒമ്പത് മുതിർന്ന സന്യാസിമാരെങ്കിലും ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പലരും ഇതിനെത്തുടർന്ന് തങ്ങളുടെ സന്യാസ ജീവിതം ഉപേക്ഷിച്ചതായും പോലീസ് വെളിപ്പെടുത്തി.

സംഭവത്തിന്റെ തുടക്കം കഴിഞ്ഞ മാസം ഒരു പ്രമുഖ ബുദ്ധവിഹാരത്തിലെ മഠാധിപതിയെ കാണാതായതോടെയാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന ഈ ബ്ലാക്ക്മെയിലിംഗ് റാക്കറ്റിലേക്ക് വെളിച്ചം വീശിയത്. യുവതി സന്യാസിമാരുമായി സൗഹൃദം സ്ഥാപിക്കുകയും, അവരെ ലൈംഗിക ബന്ധത്തിലേക്ക് പ്രേരിപ്പിക്കുകയും, രഹസ്യമായി ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്തതായാണ് പോലീസ് കണ്ടെത്തൽ. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെടുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. ഇത്തരത്തിൽ ലഭിച്ച പണം ഓൺ‌ലൈൻ ചൂതാട്ടത്തിനും ആഢംബര ജീവിതത്തിനും വേണ്ടിയാണ് യുവതി ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

തായ്‌ലൻഡിൽ ബുദ്ധ സന്യാസിമാർ കർശനമായ ബ്രഹ്മചര്യം പാലിക്കേണ്ടവരാണ്. ഈ കേസ് രാജ്യത്തെ ബുദ്ധമത സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ കോട്ടം വരുത്തിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് തായ്‌ലൻഡ് സർക്കാർ സന്യാസിമാരുടെ പെരുമാറ്റച്ചട്ടങ്ങളും ക്ഷേത്രങ്ങളുടെ സാമ്പത്തിക കാര്യങ്ങളും പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. കൂടാതെ, സന്യാസിമാരുടെ ദുഷ്പെരുമാറ്റങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ ഒരു പ്രത്യേക ഹോട്ട്‌ലൈനും ആരംഭിച്ചിട്ടുണ്ട്.

ഈ സംഭവത്തിൽ കൂടുതൽ സന്യാസിമാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണ്. വിളാവൺ എംസാവത്തിനെതിരെ ഭീഷണിപ്പെടുത്തൽ, കള്ളപ്പണം വെളുപ്പിക്കൽ, മോഷണമുതൽ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഈ കേസ് തായ്‌ലൻഡിലെ മതപരമായ സ്ഥാപനങ്ങളിൽ കൂടുതൽ സുതാര്യതയും പരിഷ്കാരങ്ങളും കൊണ്ടുവരാൻ സഹായിക്കുമെന്നാണ് അധികൃതർ കരുതുന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading