
ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച്, അടുത്തിടെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘റോന്ത്.’ ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസിനായി ഒരുങ്ങുകയാണ്.
‘ഇലവീഴാപൂഞ്ചിറ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘റോന്ത്.’ ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ ദിലീഷ് പോത്തൻ യോഹന്നാൻ എന്ന കഥാപാത്രത്തെയും റോഷൻ മാത്യു ദിൻനാഥ് എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സായാഹ്നം മുതൽ അടുത്ത ദിവസം രാവിലെ വരെയുള്ള യാത്രയാണ് ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരെ കൂടാതെ സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ജിയോഹോട്ട്സ്റ്റാറിലൂടെയാണ് റോന്ത് ഒടിടിയിലെത്തുന്നത്. ചിത്രം ജൂലൈ 22 മുതൽ സ്ട്രീമിങ് ആരംഭിക്കും.