
ബെംഗളൂരു: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കന്നഡ ഭാഷയിലുള്ള ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യുമ്പോൾ ഗുരുതരമായ പിഴവുകൾ വരുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ തെറ്റായ വിവർത്തനങ്ങൾ വസ്തുതകളെ വളച്ചൊടിക്കുകയും ഉപയോക്താക്കളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് മെറ്റാ കമ്പനിക്ക് കത്തയച്ചു. ഔദ്യോഗിക അറിയിപ്പുകളുടെ കാര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു. തെറ്റായ ഓട്ടോ-ട്രാൻസ്ലേഷൻ സംവിധാനം, പ്രത്യേകിച്ച് സർക്കാർ അറിയിപ്പുകളുടെ കാര്യത്തിൽ, അപകടകരമാണെന്ന ആശങ്ക അദ്ദേഹം ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു.
മെറ്റയ്ക്ക് അയച്ച ഇമെയിൽ
ജൂലൈ 16-ന് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് കെ.വി. പ്രഭാകർ മെറ്റയ്ക്ക് അയച്ച ഇമെയിലിൽ, കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇത് പലപ്പോഴും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നുവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഔദ്യോഗിക അറിയിപ്പുകളുടെ കാര്യത്തിൽ ഇത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. യഥാർത്ഥ സന്ദേശത്തിന് പകരം തെറ്റായി വിവർത്തനം ചെയ്ത ഒന്നാണ് തങ്ങൾ വായിക്കുന്നതെന്ന് പോലും അറിയാതെ നിരവധിപ്പേർ വിവരങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു.
ഓട്ടോ-ട്രാൻസ്ലേഷൻ താൽക്കാലികമായി നിർത്തുക
ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയുടെ പൊതു ആശയവിനിമയങ്ങളിൽ ഇത്തരം പിഴവുകൾ അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ, വിവർത്തനങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റുന്നത് വരെ കന്നഡ ഉള്ളടക്കങ്ങൾക്കായുള്ള ഓട്ടോമാറ്റിക് വിവർത്തന ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പ്രഭാകർ മെറ്റയോട് ആവശ്യപ്പെട്ടു. കന്നഡ-ഇംഗ്ലീഷ് വിവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രഗത്ഭരായ കന്നഡ ഭാഷാ വിദഗ്ധരുമായി സഹകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.