പിറവം: പ്രശസ്ത മിമിക്രി കലാകാരനും നടനുമായ സുരേഷ് കൃഷ്ണൻ (53), എന്ന പാലാ സുരേഷ് അന്തരിച്ചു. പിറവത്തെ വാടകവീട്ടിൽ ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്യുന്നു.

പിറവം തെക്കുംമുട്ടിപ്പടിക്ക് സമീപമുള്ള വീട്ടിൽ താമസിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും ഉണരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ മുറിയുടെ വാതിൽ ബലമായി തുറന്ന് പരിശോധിക്കുകയായിരുന്നു. ചലനമറ്റ നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻതന്നെ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മിമിക്രി രംഗത്ത് സജീവമായിരുന്ന പാലാ സുരേഷ്, വേദികളിലൂടെയും പ്രധാന പരിപാടികളിലൂടെയുമാണ് ശ്രദ്ധേയനായത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തന്മയത്വത്തോടെ അനുകരിച്ച് വലിയ ജനപ്രീതി നേടി. ഈ പ്രകടനം അദ്ദേഹത്തെ മിമിക്രി, കോമഡി രംഗത്ത് പ്രശസ്തനാക്കി. നിരവധി മലയാള സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ 2013-ലെ ‘എബിസിഡി എന്ന ചിത്രത്തിൽ ഒരു മാധ്യമപ്രവർത്തകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊല്ലത്തെ ‘നർമ്മ’ ട്രൂപ്പിലെ പ്രൊഫഷണൽ കലാകാരനായിരുന്ന അദ്ദേഹം, പ്രമുഖ സ്റ്റേജ് ഗ്രൂപ്പായ ‘കൊച്ചിൻ വേദിക’യിലും സജീവമായിരുന്നു.